Tuesday, 22 April 2014

മാപ്പു തരൂ കണ്ണാ ,മാപ്പു തരൂ !!!
ദുഖവും സുഖവും ഭഗവാന്‍ കനിഞ്ഞരുളും
നല്‍പ്രസാദമാണെന്നല്ലോ സത്യം ?
ഇരുളും വെളിച്ചവും അവിടുത്തെയളവറ്റ
കാരുണ്യമെന്നതല്ലോ പരമാര്‍ത്ഥം?
വൈകീ ഞാനിത് തിരിച്ചറിയാന്‍ അല്പം
വൈകീയെന്നതല്ലോ യഥാര്‍ത്ഥ്യം?
മാപ്പു തരൂ കണ്ണാ മാപ്പു തരൂ, എന്റെ
മതി ഭ്രമങ്ങള്‍ക്കു മാപ്പു തരൂ.!
എന്റെയാ,ണെന്റെയാണിക്കണ്ടതത്രയു-
മെന്നുഞാനിന്നോളം വിശ്വസിച്ചു !
അന്യരെപ്പോലെയ, ല്ലെല്ലാം തികഞ്ഞവന്‍ ഞാ-
നെന്നൊരുന്മാദത്തില്‍ അഹങ്കരിച്ചു !
എനിക്ക് ഞാനുള്ളപ്പോള്‍ തുണയായ് മറ്റുള്ളോ-
രെന്തിനാണെന്നും ഞാന്‍ ചോദിച്ചു !
മാപ്പു തരൂ കണ്ണാ മാപ്പു തരൂ, എന്റെ
മതി ഭ്രമങ്ങള്‍ക്കു മാപ്പു തരൂ.!
നേട്ടങ്ങളോരോന്നും എന്റെയദ്ധ്വാനത്തിന്‍ -
നേര്‍ ഫലം മാത്രമെന്ന് വരുത്തീ ഞാന്‍ !
ഓരോ കോട്ടവും അന്യര്‍ ചെയ്യും ആഭി -
ചാരം മൂലമാണെന്നും തിരുത്തീ ഞാന്‍ !
അല്പത്തം കൊണ്ടുഞാ, നപ്പോഴെല്ലാമെന്റെ -
അമ്പാടി കണ്ണനെ മരന്നിരിയ്ക്കാം !
മാപ്പു തരൂ കണ്ണാ മാപ്പു തരൂ, എന്റെ
മതി ഭ്രമങ്ങള്‍ക്കു മാപ്പു തരൂ.!
മറ്റുള്ളോരെ പ്പോലെയ, ല്ലെനിക്കൊരിക്കലും
തെറ്റുപറ്റില്ലെന്നു ഞാന്‍ വിശ്വസിച്ചു !
മറുവഴി മുട്ടിയോരെന്‍ ക്രൂരതകള്‍ പോലും
പൊറുക്കുമെന്നും ഞാന്‍ അഹങ്കരിച്ചു !
ഉറ്റവര്‍,ഉടയവര്‍ ഒരിക്കലുമീയെന്നെ
വിട്ടു പോവില്ലെന്നും ഞാന്‍ ധരിച്ചു !
മാപ്പു തരൂ കണ്ണാ മാപ്പു തരൂ, എന്റെ
മതി ഭ്രമങ്ങള്‍ക്കു മാപ്പു തരൂ.!
പൂങ്കവിള്‍ മുകര്‍ന്നും തൂമണം നുകര്‍ന്നും
പൂവാടി തോറും ഞാന്‍ അലഞ്ഞിരിയ്ക്കാം,
അഴകേറും പൂവുകള്‍ ഒരു നാള്‍ പൊടുന്നനെ
കൊഴിയും-ഈ സത്യം ഞാന്‍ മറന്നിരിയ്ക്കാം;
ചെറുതെന്നലില്‍ തറയില്‍ വീണടിഞ്ഞ പൂക്കളെ
ചവിട്ടിമെതിച്ചു ഞാന്‍ നടന്നിരിയ്ക്കാം !
മാപ്പു തരൂ കണ്ണാ മാപ്പു തരൂ, എന്റെ
മതി ഭ്രമങ്ങള്‍ക്കു മാപ്പു തരൂ.!

No comments:

Post a Comment