Tuesday, 22 April 2014

മൂലതത്വകീര്‍ത്തനം...
ദുഃഖമൊടുക്കുന്ന തമ്പുരാനേ -കൃഷ്ണ!
തൃക്കഴല്‍ ഞാനിതാ കുമ്പിടുന്നേന്‍
ദുഃഖമെടുത്തതിനെന്തേ മൂലം?...കൃഷ്ണ!
ദുഃഖമെടുത്തതു ജന്മം മൂലം
ജന്മമെടുത്തതിനെന്തേ മൂലം?- കൃഷ്ണ!
ജന്മമെടുത്തതു കര്‍മ്മം മൂലം
കര്‍മ്മമെടുത്തതിനെന്തേ മൂലം കൃഷ്ണ!
കര്‍മ്മമെടുത്തതു രാഗ മൂലം
രാഗമെടുത്തതിനെന്തേ മൂലം-കൃഷ്ണ!
രാഗമെടുത്തതു മാനം മൂലം
മാനമെടുത്തതിനെന്തേ മൂലം-കൃഷ്ണ!
തന്നെ നിനയ്ക്കായ്ക മാനം മൂലം
തന്നെ നിനയ്ക്കായ്‌വാനെന്തേ മൂലം?കൃഷ്ണ
അജ്ഞാനമാമവിവേകം മൂലം
അജ്ഞാനം പോവതിനെന്തു ചെയവൂ? കൃഷ്ണ!
അജ്ഞാനം പോവതു ജ്ഞാനം മൂലം
ജ്ഞാനമുണ്ടാവതിനെന്തു ചെയ്‌വൂ? കൃഷ്ണ!
ജ്ഞാനമുണ്ടാവതു ഭക്തികൊണ്ടേ
ഭക്തിയുണ്ടാവതിനെന്തു ചെയ്‌വൂ?-കൃഷ്ണ!
ഭക്തിയുണ്ടാവൂ വിരക്തി കൊണ്ടേ
സക്തി പോയീടുവാനെന്തു ചെയ്‌വൂ ?-കൃഷ്ണ!
ചിത്തത്തില്‍ നല്ലൊരു ശുദ്ധി കൊണ്ടേ
ചിത്തശുദ്ധിക്കുഞാനെന്തുചെയ്‌വൂ -കൃഷ്ണ!
നല്ല വഴിക്കുള്ള ശ്രദ്ധ ചെയ്യു
ശ്രദ്ധയുണ്ടാവതിനെന്തു ചെയ്‌വൂ ?-കൃഷ്ണ!
പുണ്യ കഥകളെ കേട്ടു കൊള്‍വൂ
സല്‍ക്കഥ കേള്‍പ്പതിനെന്തു ചെയ്‌വൂ ?-കൃഷ്ണ!
സജ്ജനസംഗതി ചെയ്തു കൊള്‍വൂ
സജ്ജനസംഗതിക്കെന്തു ചെയ്‌വൂ?-കൃഷ്ണ!
വാമപുരേശ്ശനെസ്സേവചെയ്യൂ
വാമഗേഹാധിപ! വാസുദേവ!-കൃഷ്ണ!
ബാലഗോപാലക! പാലയമാം!
(കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ )

No comments:

Post a Comment